ലക്‌നൗ: പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധചെലുത്തുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. ഉത്തർപ്രദേശിൽ നിലനിന്നിരുന്ന മാഫിയാ രാജ് അവസാനിപ്പിക്കാൻ ബിജെപി സർക്കാരിന് സാധിച്ചുവെന്നും യോഗി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി മെറാദാബാദിൽ സംഘടിപ്പിച്ച ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇപ്പോൾ അക്രമാസക്തമായ അന്തരീക്ഷമില്ല. സമാധാന അന്തരീക്ഷം ഉത്തർപ്രദേശിനെ കൂടുതൽ കാര്യക്ഷമമാക്കി തീർത്തു. എല്ലാവരെയും ഉൾകൊള്ളുന്ന വികസനം, അതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധകൊടുക്കുന്നതെന്നും യോഗി പറഞ്ഞു. മുടങ്ങാതെ 24 മണിക്കൂറും വൈദ്യുതി, ശുദ്ധജലം, പാവപ്പെട്ടവർക്ക് വീടുകൾ, പാചക വാതക സിലിണ്ടറുകൾ എന്നിവ സർക്കാർ ഉറപ്പാക്കി. കൂടാതെ റോഡുകൾ, ഫലപ്രദമായ ഡ്രെയ്നേജ് സംവിധാനം എന്നിവ സർക്കാർ നിർമ്മിച്ചുനൽകിയതായും യോഗി ചൂണ്ടിക്കാട്ടി.
പ്രതാപ്ഗഡ് മാഫിയകളുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായിരുന്നു. കോൺഗ്രസ്, എസ്പി, ബിഎസ്പി പാർട്ടികളാണ് ഇതിന് കാരണം. എന്നാൽ ബിജെപി സർക്കാർ ഈ സ്ഥിതി മാറ്റിമറിച്ചു. മേഖല ഇപ്പോൾ വികസനത്തിന്റെ പാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയ്‌ക്കും ചിത്രകൂടിനും ഇടയിൽ നാലുവരി പാത നിർമ്മിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. മീററ്റിനും പ്രയാഗ്രാജിനും ഇടയിലുള്ള ഗംഗ ഗംഗ എക്‌സ്പ്രസ് വേയും പ്രതാപ്ഗഡിലൂടെയാണ് കടന്നുപോകുന്നത്. ഒരു മെഡിക്കൽ കോളേജും അവിടെ സ്ഥാപിച്ചിട്ടുണ്ട്. പ്രതാപ്ഗഡിലെ നഗരപ്രദേശങ്ങളിൽ പാവങ്ങൾക്കായി 10,145 വീടുകൾ സർക്കാർ നിർമ്മിച്ചു നൽകി. ക്ഷേമപദ്ധതിയുടെ 4595 വഴിയോരക്കച്ചവടക്കാർക്ക് പലിശ രഹിത വായ്പ നൽകി. ജില്ലയിലെ നിരാലംബരായ 14,600 പേർക്കും വയോധികരായ 11,500 പേർക്കും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും യോഗി പറഞ്ഞു.
മാലിന്യ കൂമ്പാരമായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ സ്മാർട്ട് സിറ്റികളായി ഉയർന്നു. മുൻ സർക്കാരുകൾ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ തന്റെ സർക്കാർ അവരുടെ ഭാവി ഭദ്രമാക്കിയെന്നും യോഗി പറഞ്ഞു. മൊറാദാബാദിൽ ഭൂരിഭാഗം വരുന്ന മുസ്ലീം ജനങ്ങളുടെ ജീവിത വൃത്തിയായിരുന്ന പിത്തളപാത്ര വ്യവസായം ഒരിക്കൽ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ഇന്നത് കയറ്റുമതി വ്യവസായമായി പുരോഗമിച്ചിരിക്കുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പത്മശ്രീ ജേതാവ് ദിൽഷാദ് ഹുസൈന്റെ പിത്തള സൃഷ്ടികൾ ജർമ്മൻ ചാൻസലർക്ക് കൈമാറിയതിനെയും അദ്ദേഹം അനുസ്മരിച്ചു.
Comments