കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ നന്ദി കുന്നുകളുടെ അടിവാരത്ത്, നന്ദി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ഭോഗ നന്ദീശ്വര ക്ഷേത്രം. മഹാദേവന്റെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ക്ഷേത്രസമുച്ചയം നിർമ്മിച്ചത് ഒൻപതാം നൂറ്റാണ്ടിലാണ്.
രണ്ട് വലിയ ക്ഷേത്രങ്ങൾ ചേർന്നതാണ് ക്ഷേത്രസമുച്ചയം. അരുണാചലേശ്വര ക്ഷേത്രം, ഭോഗ നന്ദീശ്വര ക്ഷേത്രം എന്നിവയെ കൂടാതെ ഉമാ മഹേശ്വരന്റെ പ്രതിഷ്ഠയുള്ള കൊച്ചു ക്ഷേത്രവും ഇവിടെയുണ്ട്.. യോഗ നന്ദീശ്വരന് സമർപ്പിച്ചിരിക്കുന്ന മറ്റൊരു ദേവാലയം കുന്നിൻ മുകളിലായും സ്ഥിതി ചെയ്യുന്നു. കർണ്ണാടകയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരകമെന്ന നിലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.
പുരാതന ദ്രാവിഡ വാസ്തു വിദ്യയുടെ മകുടോദാഹരണമാണ് ക്ഷേത്രം. ഒൻപതാം നൂറ്റാണ്ടിൽ ബാന രാജ്ഞി രത്നാവലിയാണ് ക്ഷേത്രം നിർമ്മിച്ചത്, പിന്നീട് വന്ന ഗംഗാ രാജവംശം, ചോളർ, ഹൊയ്സാലർ, പല്ലവർ, ഒടുവിൽ വിജയനഗര രാജാക്കന്മാർ എന്നിവരാണ് ക്ഷേത്രം കുടുതൽ വിശാലമാക്കിയെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ചോള രാജാവായ രാജേന്ദ്രന്റെ പ്രതിമ പോലും ഈ ക്ഷേത്രത്തിലുണ്ട്.
ഭോഗ നന്ദീശ്വര ക്ഷേത്ര സമുച്ചയത്തിലെ മൂന്ന് ക്ഷത്രങ്ങളും പരമേശ്വരന്റെ ജീവിത ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അരുണാചലേശ്വരൻ, യുവാവായ ഭോഗ നന്ദീശ്വരൻ, പാർവ്വതി സമേതനായ ഉമാ മഹേശ്വരൻ എന്നി ഭാവങ്ങളാണ് ഇവിടെ ഉള്ളത്.

ക്ഷേത്ര സമുച്ചയത്തിലുള്ള കല്യാണ മണ്ഡപത്തിന് ചുറ്റും നാല് തൂണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു, അവയിൽ ഓരോന്നിലും ശിവനും പാർവതിയും, ബ്രഹ്‌മാവും സരസ്വതിയും, വിഷ്ണുവും ലക്ഷ്മിയും, അഗ്‌നിദേവനും, സ്വാഹാ ദേവിയെയും ചിത്രീകരിച്ചിരിക്കുന്നു. ഉമാ മഹേശ്വര ക്ഷേത്രത്തിൽ ശിവനും പാർവതിയും തമ്മിലുള്ള വിവാഹ രംഗങ്ങൾ ആലേഖനം ചെയ്തിട്ടുള്ളതിനാൽ, നവദമ്പതികൾ അനുഗ്രഹം വാങ്ങാൻ ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്.
നന്ദി ബസ് സ്റ്റോപ്പിൽ നിന്ന് 500 മീറ്ററും, നന്ദി ഹാൾട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്ററും, ചിക്കബല്ലാപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്ററും, ചിക്കബല്ലാപ്പൂരിൽ നിന്ന് 8 കിലോമീറ്ററും, ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 32 കിലോമീറ്ററും, ബെംഗളൂരുവിൽ നിന്ന് 54 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.















