മലപ്പുറം: നാടിനെ നടുക്കിയ ദുരന്തമാണ് കഴിഞ്ഞ രാത്രിയുണ്ടായത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയെന്നാണ് സർവീസ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ശേഷം സാധാരണ യാത്ര ബോട്ടുകൾ സർവീസ് നടത്താറില്ല. എന്നാൽ ഞായറാഴ്ച അഞ്ച് മണിയ്‌ക്ക് ശേഷമാണ് അപടകത്തിൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. അമിത ഭാരം തന്നെയാണ് അപകടത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു. അറ്റ്‌ലാന്റിക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചതെന്നാണ് നിഗമനം.
ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നത് വ്യക്തമല്ല. എന്നാൽ കുറഞ്ഞത് 40 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. മിത ഭാരം തന്നെയാണ് അപകടത്തിന് കാരണമെന്ന് സംശയം വർദ്ധിപ്പിക്കാൻ കാരണമിതാണ്. ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതോടെ കുറച്ച് പേർ പുഴയിലേക്ക് ചാടിയെന്നാണ് ആദ്യമായി അപകട സ്ഥലത്തെത്തിയവർ പറയുന്നത്. തുടർന്ന് പരിഭ്രാന്തിയിലായ യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി. ഇതോടെ ബോട്ട് തലക്കീഴായി മറിഞ്ഞെന്നാണ് നിഗമനം.
ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും ഉൾപ്പെടെയാണ് ബോട്ടപകടത്തിൽ മരിച്ചത്. ചതുപ്പ് നിറഞ്ഞ് പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം അതി ദുഷ്‌കരമായിരുന്നു. വെളിച്ചക്കുറവും വെല്ലുവിളി സൃഷ്ടിച്ചു. കെട്ടിവലിച്ചും ജെസിബി ഉപയോഗിച്ചും ഏറെ പണിപ്പെട്ടാണ് ബോട്ട് കരയ്‌ക്കടുപ്പിച്ചത്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ചിലരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദുരന്തമുഖത്ത് എൻഡിആർഎഫ്, ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു. നാവികസേന ഉടൻ അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരുമെന്നാണ് വിവരം. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്‌സുമാണ് അതിരാവിലെ തിരടച്ചിൽ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയതും വെളിച്ചം വീണതും രക്ഷാപ്രവർത്തനത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും എൻഡിആർഎഫ് സംഘത്തിനുണ്ട്. അപകടത്തിൽപ്പെട്ടവർ ഒഴുകി പോയതിനുള്ള സാദ്ധ്യതയും സംഘം തള്ളിക്കളയുന്നില്ല.
















Comments