ബെംഗളുരു: കന്നഡ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സോണിയയുടെ പരാമർശത്തിനെതിരെ കേന്ദ്ര ഇലക്ഷൻ കമ്മീഷന് പരാതി നൽകി ബിജെപി. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയത്. കോൺഗ്രസ് രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും കർണാടകയിലെ പ്രകടന പത്രിക തുക്ടെ തുക്ടെ ഗ്യാങിന്റെ അജണ്ട നടപ്പാക്കാനുള്ളതാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. സോണിയയുടെ രാഷ്‌ട്രവിരുദ്ധ പരാമർശത്തിൽ കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച ഹൂബ്ലിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിലായിരുന്നു തീവ്ര കന്നഡവാദത്തെ പിന്തുണയ്‌ക്കുന്ന സോണിയയുടെ പ്രതികരണം. കർണാടക പരാമാധികാരമുള്ള പ്രദേശമാണെന്നും അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നുമായിരുന്നു സോണിയയുടെ പരാമർശം. ഇത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ട്വീറ്റിന്റെ കോപ്പി അടക്കമാണ് ഇലക്ഷൻ കമ്മീഷന് ബിജെപി പരാതി നൽകിയിരിക്കുന്നത്.
ബിജെപി ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ കേന്ദ്രമന്ത്രി ശോഭാ കരന്തലജെ സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കർണാടക ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അതിൽ അഭിമാനിക്കുന്നവരാണ് കന്നഡ ജനതയെന്നും ശോഭാ കരന്തലജെ പറഞ്ഞു. കോൺഗ്രസ് കശ്മീർ മാതൃകയിൽ കർണാടകയെ ഇന്ത്യയിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണെന്നും അത് ഒരിക്കലും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബജ്‌റംഗ്ദൾ നിരോധന വിവാദത്തിന് പിന്നാലെ കോൺഗ്രസിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് സോണിയയുടെ പരാമർശം. കോൺഗ്രസിന്റെ കന്നഡ വിഘടനവാദ പരാമർശം ദേശീയതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
Comments