ടൈറ്റിൽ പ്രഖ്യാപിച്ച സമയം മുതൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അരിക്കൊമ്പൻ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയായിരിക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ലോകത്തിലെ എട്ടാം അത്ഭുതം എന്ന് പറയപ്പെടുന്ന സിഗിരിയിലാണ് ചിന്നക്കനാലിന്റെ അരിക്കൊമ്പൻ ഒരുങ്ങുന്നത്. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുഹൈൻ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.
ചിത്രത്തിനെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയ പറഞ്ഞത് ഇങ്ങനെ; ‘പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥ പൂർത്തിയായി വരുന്നു. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്‌ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ’. എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.















