കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. കേരളം കണ്ട മഹാപ്രളയം ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഓരോ കാണികളുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഏറെ പ്രയാസകരമായ ഈ ദൗത്യം എറ്റെടുത്ത് ഗംഭീര വിഷ്വൽസും മേക്കിങ്ങും പ്രേക്ഷകന് സമ്മാനിച്ച സംവിധായകൻ ജൂഡ് ആന്റണിക്കും അണിയറ പ്രവർത്തകർക്കും എങ്ങും പ്രശംസാ പ്രവാഹമാണ്.
എന്നാൽ ചിത്രത്തിൽ പിണറായി സർക്കാരിനെ ബൂസ്റ്റ് ചെയ്ത് കാണിക്കാത്തതിന്റെ പേരിൽ വിമർശനമുന്നയിക്കുകയാണ് സിപിഎം മാദ്ധ്യമമായ ദേശാഭിമാനി . ‘ തിയറ്ററിൽ കാണേണ്ട സിനിമ: അദൃശ്യവൽകരണ രാഷ്‌ട്രീയത്തിൽ നഷ്‌ടമാകുന്ന പൂർണത ‘ എന്ന ലേഖനത്തിലാണ് ചിത്രത്തിനെതിരായ പരാമർശങ്ങൾ .
‘ ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയമുണ്ടായത് എന്ന അജൻഡ നിർമിതമായ വാട്‌സാപ്പ് ഫോർവേഡ് തന്റെ നിലപാടായി പ്രഖ്യാപിച്ചയാണ് സംവിധായകൻ ജൂഡ്. എം എം മണി മന്ത്രിയായപ്പോൾ വെറുതെ സ്‌കൂളിൽ പോയി എന്ന് അധിക്ഷേപിച്ച ആളുമാണ്. ഈ രണ്ട് നിലപാടുകൾ മതി ജൂഡിന്റെ രാഷ്‌ട്രീയം തിരിച്ചറിയാൻ. ഡാം തുറന്ന് വിട്ടാണ് പ്രളയമുണ്ടായത് എന്ന നുണ ഇനിയും പറഞ്ഞാൽ കേരള ജനത തിരസ്‌കരിക്കുമെന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടായിരിക്കണം അങ്ങനെ നേരിട്ട് പറയാതെയിരുന്നത്.
വളച്ചൊടിക്കലും വ്യാജ പ്രചരണവും പോലെ തന്നെ അപകടമാണ് അദൃശ്യവൽക്കരണവും തിരസ്‌കരണവും. മഹാപ്രളയത്തിലെ യഥാർഥ നായകർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. എന്നാൽ സിനിമയിൽ അവതരിപ്പിച്ച പോലെ ഒരു പള്ളിലച്ചൻ വിളിച്ചത് കൊണ്ട് മാത്രം ഓടി വന്നവരല്ല അവർ. അവരെ വിളിച്ചവരിൽ ഈ നാടിന്റെ സർക്കാർ സംവിധാനം മുതൽ ഈ നാട്ടിലെ സാധാ മനുഷ്യർ വരെയുണ്ട്. അത് കേട്ട്, പ്രതിസന്ധി തിരിച്ചറിഞ്ഞ് എത്തിയതാണ്. പ്രളയകാലത്തെ യഥാർഥ ഹീറോ അവർ തന്നെയാണ്. അത് കൊണ്ട് തന്നെയാണല്ലോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അവരെ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ചതും നാട് അത് ഏറ്റ് വിളിച്ചതും. പക്ഷെ അത് കേവലം സഭയുടെ അക്കൗണ്ടിൽ ചാർത്തികൊടുക്കേണ്ടതല്ല.
സിനിമ കണ്ടാൽ തോന്നുക, പ്രളയത്തെ നാട് സ്വയം അതിജീവിച്ചതാണെന്നാണ്. നമ്മൾ ഒരുമിച്ച് ഇറങ്ങുവല്ലേ എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവിനെയടക്കം ഒപ്പം കൂട്ടി ഇറങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ട്. പേര് പിണറായി വിജയൻ, സിപിഐ എമ്മിന്റെ പിബി അംഗം. ഇതിന്റെ ഭാഗമായാണ് പ്രളയ അതിജീവനവും പ്രളയാനന്ത പുനർനർമാണവുമെല്ലാം സാധ്യതമാക്കിയതിത്. 30 കൊല്ലം പിടിക്കും പഴയ കേരളമാക്കാൻ എന്ന് പറഞ്ഞ ഇടത്താണ് നാല് കൊല്ലം പിന്നിടും മുമ്പ് അതിലും ഉജ്വലമായ നവകേരളം ഉയർന്നത്. സിനിമയിലെ പോലെ നിസഹായനായ മുഖ്യമന്ത്രിയല്ല കേരളത്തിനുണ്ടായത്. ചരിത്രത്തെ അദശ്യവൽക്കരിക്കരുത്. സർക്കാർ എന്ന ജനാധിപത്യ സംവിധാനമില്ലാത്ത ഉടോപ്യൻ കേരളമാണ് ജൂഡ് ചിത്രീകരിച്ചത്. – ലേഖനത്തിൽ പറയുന്നു.
Comments