ഇതിഹാസം! മികച്ച താരത്തിനുള്ള ലോറൻസ് പുരസ്‌കാരം മെസിയ്‌ക്ക്; മികച്ച ടീം അർജന്റീന

Published by
Janam Web Desk

2023-ലെ ‘ലോറൻസ് സ്‌പോർട്‌സ്മാൻ ഓഫ് ദി  ഇയർ’ അവാർഡ് സ്വന്തമാക്കി ലയണൽ മെസി. കരിയറിൽ രണ്ടാം തവണയാണ് മെസി ലോറൻസ് പുരസ്‌കാരം നേടുന്നത്. ഇതോടെ ലോറൻസ് അവാർഡ് രണ്ട് തവണ നേടുന്ന ഏക ഫുട്‌ബോൾ താരമായി മെസി മാറി. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ഫുട്‌ബോൾ ടീം ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

പാരീസിലായിരുന്നു അവാർഡ് ദാന ചടങ്ങ്. ഭാര്യ അന്റോണല റൊക്കൂസോയ്‌ക്കൊപ്പമാണ് മെസ്സി ചടങ്ങിൽ പങ്കെടുത്തത്. 2020-ൽ ബെർലിനിൽ നടന്ന ചടങ്ങിൽ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് മെസി നേടിയിരുന്നു. ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണുമായി തുല്യ വോട്ടുകൾ നേടിയ അർജന്റീനിയൻ താരം അവാർഡ് പങ്കിടുകയായിരുന്നു.

ലയണൽ മെസി, കിലിയൻ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേൽ നദാല്, 2 തവണ ഫോർമുല 1 ലോക ചാമ്പ്യനായ മാക്‌സ് വെർസ്റ്റാപ്പൻ, എൻബിഎ താരം സ്റ്റീഫൻ കറി, മോണ്ടോ ഡുപ്ലാന്റിസ് എന്നിവരാണ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ. അർജന്റീനയ്‌ക്ക് ലോകകപ്പ് നേടിക്കൊടുത്ത മെസിയുടെ പ്രകടനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം.

Share
Leave a Comment