വെരിഫിക്കേഷൻ ബാഡ്ജായ നീല ടിക് ഇനി ജി-മെയിലിലും. ഒരു അക്കൗണ്ട് യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് പ്രധാനമായും നീല ടിക് അഥവാ വെരിഫൈഡ് ഐക്കൺ ഉപയോഗിക്കുന്നത്. അതേ നീല ടിക് ജി-മെയിലിനും നൽകാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഗൂഗിൾ. ഇതിൻപ്രകാരം ഇമെയിൽ അക്കൗണ്ടുകൾക്ക് ഗൂഗിൾ നീല ടിക് നൽകും. നീല ടിക് അക്കൗണ്ടുകളിൽ നിന്നുള്ള ഇമെയിലുകളെ വിശ്വസിക്കാം.
മെയ് ആദ്യത്തെ ആഴ്ച മുതൽ ഈ സേവനം എല്ലാ ജി-മെയിൽ ഉപയോക്താക്കൾക്കും ലഭിച്ചുതുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചു. പ്രധാനമായും ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമാണ് നീല ടിക് പ്രയോജനപ്പെടുക. സ്പാം മെയിലുകൾ നിയന്ത്രിക്കാനും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന മെയിലുകൾ അവഗണിക്കാനും ഈ നീല ടിക് പ്രയോജനപ്പെടും.അതേസമയം ട്വിറ്ററിലെ നീല ടിക് ഏതാനും നാളുകളായി വലിയ വിവാദത്തിലാണ്. പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ എല്ലാം ട്വിറ്റർ നീക്കം ചെയ്തു. പണം നൽകിയവർക്ക് മാത്രമേ നീല വെരിഫിക്കേഷൻ ചിഹ്നം ലഭിക്കൂ എന്ന നിയമം ട്വിറ്റർ നടപ്പാക്കി. ഇതോടെ പ്രമുഖരുടെയെല്ലാം വെരിഫിക്കേഷൻ ബാഡ്ജുകൾ നഷ്ടമായത് വിവാദമായിരുന്നു.
Comments