യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ളവർക്ക് കമ്പനി താമസമൊരുക്കണമെന്ന് നിർദേശം. ഇത്തരക്കാർക്ക് ഒരുക്കേണ്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുകയാണ് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.
അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യുഎഇ തൊഴിൽ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ൽ താഴെ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
നൂറോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ കമ്പനിയിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്നും നിർദേശമുണ്ട്. തൊഴിലിന്റെ അപകട സാധ്യതകളും അവയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുൻപ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. അപകടങ്ങൾക്ക് മുന്നറയിപ്പിനുള്ള മുൻകരുതലുകൾക്കും കൃത്യമായ മാർഗനിർദേശം മന്ത്രാലയം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തുമെന്നും നിയമലംഘകർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Comments