ബോക്സ്ഓഫീസിൽ വലിയ വിജയം തീർക്കുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018 എവരിവൺ ഈസ് എ ഹീറോ’. കേരളം മുഴുവൻ മുങ്ങിത്താഴുമെന്ന് ഭയന്ന 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച ഒരു ദുരന്തത്തെ വീണ്ടും മലയാളികളുടെ കൺമുന്നിലേയ്‌ക്ക് എത്തിക്കുകയായിരുന്നു സംവിധായകൻ. സിനിമയ്‌ക്ക് ആദ്യ പ്രദർശനം മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ദിവസങ്ങൾ കൊണ്ട് മാത്രം അമ്പത് കോടി ക്ലബിലേയ്‌ക്ക് അടുക്കുന്ന ചിത്രത്തിനെതിരെ അനാവശ്യ വിമർശനങ്ങളും തേടി എത്തി. പ്രളയത്തിന് എല്ലാത്തിനും നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ സംവിധായകൻ കണ്ടിട്ടില്ല എന്നായിരുന്നു എഴുത്തുകാരിയും സാക്ഷരതാ മിഷൻ ഡയറക്ടറുമായ പി.എസ് ശ്രീകലയുടെ വിമർശനം. ഇപ്പോഴിതാ, ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷം ചെയ്യാൻ കണ്ടുവെച്ചിരുന്നത് രഞ്ജിപണിക്കറിനെ ആയിരുന്നുവെന്നും അദ്ദേഹത്തെ ഒഴിവാക്കാനുണ്ടായ കാരണവും വെളിപ്പെടുത്തുകയാണ് ജൂഡ് ആന്റണി.
ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ക്യാക്ടറിനെപ്പറ്റി ജൂഡ് ആന്റണി പറഞ്ഞത്. മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളെ പരാമർശിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകൻ. ‘മുഖ്യമന്ത്രിയായി ആദ്യം നിശ്ചയിച്ചിരുന്നത് രഞ്ജി പണിക്കർ സാറിനെ ആയിരുന്നു. പക്ഷെ സാറ് ഭയങ്കര പവർഫുൾ ആണ്. അത് അദ്ദേഹത്തെ കാണുമ്പോൾ തന്നെ മനസ്സിലാകും. എന്ത് വെള്ളപ്പൊക്കം വന്നാലും നേരിടുമെന്ന് അദ്ദേഹത്തെ കണ്ടാൽ തന്നെ തോന്നിപ്പോകും. അതിന് ഒരു ഗുമ്മില്ല’.
‘പത്രസമ്മേളനത്തിൽ ഒന്നും പേടിക്കാൻ ഇല്ല എന്നായിരുന്നു പ്രളയകാലത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇതിന്റെയൊന്നും കൺട്രോൾ ഇവരുടെ ആരുടെയും കയ്യിൽ അല്ലായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിരുന്നത് വെറും വിവരങ്ങൾ മാത്രമാണ്. സാധാരണ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള കഥ മറ്റൊന്നാണ്. സാധാരണക്കാരന്റെ വീട്ടിൽ എന്താണ് അവൻ അനുഭവിച്ചത് എന്നാണ് ഞാൻ സിനിമയിൽ പറയുന്നത്. മീഡിയ ചെയ്യുന്നത് എന്താണെന്നോ മുഖ്യമന്ത്രി ചെയ്യുന്നത് എന്താണെന്നോ അവന് അറിഞ്ഞുകൂടാ. ആരെയും കുറ്റം പറയാൻ വേണ്ടി എടുത്ത ചിത്രമല്ല ഇത്’- എന്നും ജൂഡ് ആന്റണി പറഞ്ഞു.
Comments