കോട്ടയം: നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. ന്യൂറോ സർജറി കഴിഞ്ഞ രോഗി നഴ്‌സിന്റെ കൈ തിരിച്ച് ഒടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ നേഹാ ജോണിന്റെ കൈയ്യാണ് ആക്രമണത്തിൽ ഒടിഞ്ഞത്. രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് നേഹ പ്രതികരിച്ചു. പരിക്കേറ്റ നേഹ നിലവിൽ അവധിയിലാണ്. പൂഞ്ഞാർ കുന്നോനി സ്വദേശിനിയാണിവർ.
കുന്നംകുളം താലൂക്ക് ആശുപത്രിയിലും രോഗി ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കൈയ്യിൽ വിലങ്ങണിയിച്ചിരുന്നതിനാൽ പ്രതി അതിക്രമം നടത്തിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്‌ക്കായി പോലീസിനൊപ്പമെത്തിയ വ്യക്തി വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു കുന്നംകുളം ആശുപത്രിയിലുണ്ടായ അതിക്രമം.
Comments