കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപ് മദ്യത്തിന് അടിമയായിരുന്നുവെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാർ. എന്നാൽ പ്രതി മദ്യപിച്ച് വഴക്കുണ്ടാക്കുകയോ മറ്റ് കേസുകളിൽ ഉൾപ്പെടുകയോ ചെയ്തിട്ടില്ലെന്നും പ്രതിയെ അടുത്തറിയുന്നവരിൽ ചിലർ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട് കിടക്കുമ്പോൾ കൂട്ടുകാരോ ബന്ധുക്കളോ ചേർന്ന് വീട്ടിലെത്തിക്കുകയായിരുന്നു പതിവ്. മദ്യാസക്തിയിൽ നിന്ന് മുക്തി നേടുന്നതിനായി മുൻപ് ഇയാൾ ചികിത്സ തേടിയിരുന്നു.
പ്രതി സന്ദീപ് മദ്യപിക്കുന്നതിനായുള്ള പണത്തിനായി വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. മകന്റെ ബഹളത്തെ തുടർന്ന് അമ്മ അകത്ത് കയറി വാതിലടയ്‌ക്കുകയായിരുന്നു പതിവ്. ഇടയ്‌ക്ക് സന്ദീപ് വീട്ടുപകരണങ്ങൾ തല്ലി തകർക്കും. വഴക്ക് പതിവായിരുന്നതിനാൽ തന്നെ ഒത്തു തീർപ്പിന് വേണ്ടി ആരും വീട്ടിൽ എത്തിയിരുന്നില്ല. അദ്ധ്യാപക ദമ്പതിമാരുടെ മകനായ ഇയാൾ നാട്ടുകാരോട് തികഞ്ഞ മര്യാദയോട് കൂടിയായിരുന്നു ഇടപെട്ടിരുന്നത്. മാസങ്ങൾക്ക് മുമ്പ് ലഹരിവിമുക്ത കേന്ദ്രത്തിലായിരുന്നുവെങ്കിലും മടങ്ങിയ എത്തിയ ശേഷവും മദ്യപാനം തുടർന്നു.
മദ്യപാനം അതിരുവിട്ടതോടെ ഭാര്യയും മക്കളും മാറി താമസിയ്‌ക്കുകയായിരുന്നു. പന്ത്രണ്ടും എട്ടും വയസുള്ള രണ്ട് ആൺമക്കളാണ് ഉള്ളത്. വിലങ്ങറ യുപി സ്‌കൂളിലെ അദ്ധ്യാപകനായ സന്ദീപ് സംരക്ഷിത അദ്ധ്യാപകനായി നെടുമ്പന യുപി സ്‌കൂളിൽ ജോലി ചെയ്ത് വരികയായിരുന്നു.
നാട്ടിൽ എവിടെയെങ്കിലും സംഘർഷം നടന്നിരുന്നോ എന്ന് ചൊവ്വാഴ്ച വൈകിട്ട് പ്രതി പലരോടും ചോദിച്ചിരുന്നു. പിന്നാലെ വീട്ടിലെ പശുവിനെ അഴിച്ചു വിട്ട ഇയാൾ പലയിടങ്ങളിലായി കറങ്ങി നടന്നു. പുലർച്ചെ 2.30-ന് സമീപവാസിയായ നെട്ടയം സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള റബ്ബർ പുരയിടത്തിലെ വലിയ താഴ്ചയിലേക്ക് സന്ദീപ് ചാടി. പിന്നാലെ ആരോ തന്നെ കൊല്ലാൻ വരുന്നുവെന്ന് വിളിച്ചു കൂവുകയായിരുന്നു. താഴചയിലേക്ക് ചാടുന്നതിനിടിയിലാണ് പ്രതിയ്‌ക്ക് കാലിന് മുറിവേൽക്കുന്നത്. ശ്രീകുമാർ അയൽവാസികളെയും പൊതുപ്രവർത്തകരെയും വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി പ്രതിയെ കൊണ്ടു പോകുകയായിരുന്നു. പിന്നാലെ യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയെന്ന വാർത്ത അറിഞ്ഞ ഞെട്ടലിലാണ് നാട്.
Comments