തൃശൂർ: സംവിധായകൻ ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഒറ്റപ്പാലം എൽഎസ്എൻ ജിഎച്ച്എസ്എസിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു ലില്ലിജോസ്. സംസ്‌കാര ചടങ്ങുകൾ 15-ന് വൈകുന്നേരം മൂന്ന് മണിയ്‌ക്ക് നടക്കും. ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ജോസ്.
പ്രശസ്ത സംവിധായകൻ കമലിന്റെ സഹായി എന്ന നിലയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ലാൽ ജോസ് സിനിമ ജീവിതം ആരംഭിയ്‌ക്കുന്നത്. 16 ചിത്രങ്ങളിൽ ഇദ്ദേഹത്തോടൊപ്പം ലാൽ ജോസ് പ്രവർത്തിച്ചു. 1998-ൽ ശ്രീനിവാസന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ലാൽ ജോസ് അരങ്ങേറ്റം കുറിച്ചത്.
Comments