തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത ഹെറിറ്റേജജ് വാക് വേ പദ്ധതിയ്‌ക്ക് ടൂറിസം വകുപ്പ് അനുമതി നൽകി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആ പ്രദേശം ഉൾപ്പെടുന്ന ഭാഗത്തെ പ്രധാന ദൃശ്യങ്ങൾ നേരിൽ കാണുന്നതുപോലെ തന്നെ ദൃശ്യമാക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിനായി വിനോദ സഞ്ചാര വകുപ്പ് 60.18 ലക്ഷം രൂപ അനുവദിച്ചു.
പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 15 വീഡിയോകളാണ് ഉണ്ടാകുക. ഇതിൽ വീഡിയോ തയാറാക്കുന്നതിന് മാത്രം 45 ലക്ഷം രൂപ ചെലവാകുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. പഠനം, ഗവേഷണം, ഇന്റർഫെയ്ഡ് ഡിസൈൻ, മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കൽ എന്നിവയ്‌ക്കായി ആറ് ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ജിഎസ്ടി ഉൾപ്പെടെയാണ് മൊത്തം 60.18 ലക്ഷം രൂപ ചെലവ് വരുന്നത്. ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണമെന്നാണ് നിർദ്ദേശം. കിഴക്കേകോട്ട ഗാന്ധി പാർക്ക് മുതൽ കോട്ടവാതിലിൽ അവസാനിയിക്കുന്ന പാതയിൽ എവിടെവെച്ചും ഫോണിലെ ആപ്പിലൂടെ ക്യാമറ തുറന്ന് കഴിയുമ്പോൾ ദൃശ്യങ്ങൾ തെളിഞ്ഞു വരും.
പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ നവരാത്രി ആഘോഷം, ലക്ഷദീപം, പൈങ്കുനി ഉത്സവം, വേലകളി, പള്ളിവേട്ട, അൽപ്പശി ഉത്സവം എന്നിവയുടെ എച്ച്ഡി മികവുള്ള ദൃശ്യങ്ങൾ 360 ഡിഗ്രിയിൽ കാണാൻ സാധിക്കും. 3ഡി അനിമേഷൻ, നാവിഗേഷൻ മാപ്പ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ടൂറിസം വകുപ്പിന്റെ കേരള ടൂറിസം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) ആസ്വദിക്കാം. ദൃശ്യത്തോടൊപ്പം ആ സ്ഥലത്തിന്റെ വിശദമായ വിവരണവും ലഭിയ്‌ക്കും. ഭാവിയിൽ ആലപ്പുഴ ഉൾപ്പെടെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.
Comments