എറണാകുളം: നിയമ വിരുദ്ധമായി എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കർശന നിർദ്ദേശം മുന്നോട്ട് വെച്ചിരിയ്‌ക്കുന്നത്. വാഹനം വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ലൈറ്റുകൾക്ക് പുറമെ അലങ്കാര ലൈറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കാൻ പാടില്ല. എന്നാൽ മന്ത്രിമാരുടെ വാഹനങ്ങളിലുൾപ്പെടെ നിരവധി സർക്കാർ വാഹനങ്ങളാണ് നിയമലംഘനം നടത്തുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽ നിന്ന് 5,000 രൂപ പിഴയും ഈടാക്കണമെന്നതിലും നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാകും പിഴത്തുക നൽകേണ്ടി വരിക. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്‌ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്‌ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ മോട്ടോർ വാഹന നിയമ പ്രകാരം ഒരു വാഹനത്തിലും ഇത്തരം ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിക്കാൻ അനുവദിക്കില്ല. സർക്കാർ വാഹനങ്ങൾക്ക് പുറമേ സ്വകാര്യ വാഹന ഉടമകൾ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടി വേണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. മുൻപ് ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലാണ് മന്ത്രിമാർ സഞ്ചരിച്ചിരുന്നത്. പിന്നീട് ഇത് വിഐപി സംസ്‌കാരത്തിന്റെ ഭാഗമെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ വാഹനത്തിൽ നിന്നടക്കം കേന്ദ്രസർക്കാർ ബീക്കൺ ലൈറ്റുകൾ നീക്കം ചെയ്തിരുന്നു.
















Comments