വീട്ടിനകത്തും പുറത്തുമെല്ലാം പെറ്റുപെരുകുന്ന കറുത്ത പൊടിവണ്ടുകളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കോട്ടയം പാമ്പാടിയിലെ പ്രദേശവാസികൾ. സ്പ്രിങ് ടെയിൽസ് എന്ന് വിശേഷിപ്പിക്കുന്ന പൊടിപ്രാണികളാണ് ഇത്തരത്തിൽ നാട്ടുകാരെ പ്രതിസന്ധിയിലാക്കുന്നത്. വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസിൽ ഇതുസംബന്ധിച്ച പഠനം നടത്തിയതായി അധികൃതർ അറിയിച്ചു.
ഒരു ഇഞ്ചിന്റെ പതിനാറിൽ ഒന്നുമാത്രമാണ് ഇവയുടെ വലിപ്പം. കറുത്ത പൊടിക്ക് സമമാണ് കാഴ്ചയിൽ സ്പ്രിങ് ടെയിൽസിന്റെ രൂപം. അത്രമേൽ ചെറുതായ ഇവ ചപ്പുചവറുകൾ ഈർപ്പത്തോടെയിരിക്കുന്ന ഇടങ്ങളിലാണ് പ്രധാനമായും ഉണ്ടാകുന്നത്. ചെറുതോടുകളിലും കുളങ്ങളിലും ഇവ കൂട്ടത്തോടെ പെരുകുന്നുണ്ട്. വീട്ടിനുള്ളിലും ഇവയെ കാണാം. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഇവ ഉണ്ടാകുക. അടുക്കള, കുളിമുറി എന്നിവിടങ്ങൾക്ക് സമീപം മുക്കിലും മൂലകളിലും ഇവ കൂട്ടമായി കാണപ്പെടുന്നു.
അതേസമയം ഇവ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ പരത്തുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസ് ഡയറക്ടർ അറിയിച്ചു. കൊതുകുതിരി കത്തിച്ചും വാക്വം ക്ലീനർ ഉപയോഗിച്ചും ഇവയെ തുരത്താമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Comments