ബെംഗളുരു: കോൺഗ്രസ് കർണാടക പാർമെന്ററി പാർട്ടി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. യോഗം നടക്കുന്ന ഹോട്ടലിന് മുന്നിൽ സിദ്ധരാമയ്യ- ഡി.കെ. ശിവകുമാർ അനുകൂലികൾ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. പോലീസ് വളരെ പാടുപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും ബാരിക്കേട് സ്ഥാപിച്ച് തടഞ്ഞതിനാൽ കയ്യാങ്കളിയിലേക്ക് സാഹചര്യം നീണ്ടില്ല. മുഖ്യമന്ത്രി ആരാകണമെന്നുള്ള തീരുമാനം തർക്കത്തെ തുടർന്ന് നീണ്ടുപോകുന്നതിനിടിയിലാണ് കോൺഗ്രസിലെ ഭിന്നത തെരുവിലേക്ക് നീണ്ടത്.
കോൺഗ്രസ് പതാകയ്‌ക്ക് പകരം ഡികെ ശിവകുമാറിന്റെ ചിത്രം പതിപ്പിച്ച പതാകകളുമായാണ് അനുകൂലികൾ ഹോട്ടലിന് മുന്നിൽ എത്തിയത്. പിന്നാലെ ശിവകുമാർ എത്തിയപ്പോൾ ഹോട്ടലിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. എന്നാൽ ആ സമയത്ത് മറുവശത്ത് തമ്പടിച്ചിരുന്ന സിദ്ധരാമയ്യ അനുകൂലികൾ അവിടേക്കെത്തി തങ്ങളുടെ നേതാവിനായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. തർക്കം പലവട്ടം കയ്യാങ്കളിലേക്ക് നീങ്ങാനുള്ള സാഹചര്യമുണ്ടാക്കിയെങ്കിലും പോലീസ് ഇടപെട്ട് ഇരുവിഭഗാത്തെയും തടയുകയായിരുന്നു.
കർണാടക മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പൊട്ടിത്തെറികൾ നടന്നില്ലെങ്കിൽ വ്യാഴാഴ്ച തന്നെ സത്യ പ്രതിജ്ഞ നടത്തും. ഇരു നേതാക്കളെയും അനുനയിപ്പിക്കാനുള്ള ശ്രമം കേന്ദ്ര നേതൃത്വം ആരംഭിച്ചുകഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.
Comments