ഓൺലൈനായി പണമിടപാടുകൾ നടത്താത്തവർ ഇന്ന് ചുരുക്കമാണ്. പണം എപ്പോഴും കൈയിൽ കരുതേണ്ട, ബാങ്ക് സന്ദർശിക്കുന്നത് ഒഴിവാക്കാം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് ഫോൺപേ, പേടിഎം എന്നിങ്ങനെയുള്ള ഒന്നിലധികം യുപിഐ ആപ്പുകൾ പലരുടെയും സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാം. പണം കൈമാറാമെന്നതിനൊപ്പം യാത്രാ ടിക്കറ്റ്, ഇൻഷുറൻസ്, ഇലക്ട്രിസിറ്റി-വാട്ടർ ബില്ലുകൾ അടക്കം പലതരത്തിലുള്ള ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നതിനാൽ യുപിഐ ആപ്പുകളുടെ സ്വീകാര്യത ഇപ്പോൾ ഒരുപാട് വർധിച്ചിട്ടുണ്ട്.
യുപിഐ ആപ്പുകളുടെ ഉപയോഗങ്ങൾ വർധിച്ചതുപോലെ തന്നെ ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും എണ്ണവും വർധിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുകളെക്കുറിച്ച് കാര്യമായി അറിവില്ലാത്തവർ മുതൽ അഭ്യസ്തവിദ്യരായവർ വരെ ഒരു പോലെ ഇത്തരക്കാരുടെ കെണിയിൽ വീഴാറുണ്ട്. അതിനാൽ യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ കുറച്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.
യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത്. പിൻ മറ്റാരുമായും പങ്കിടരുത്. യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ ഫോൺ കോളോ, ഇമെയിലോ വഴി ആരെങ്കിലും ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.ബാങ്ക് അധികൃതർ ആണെന്ന വ്യാജേനെയും ടാക്സ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനെന്നറിയിച്ചും തട്ടിപ്പുകാർ നിങ്ങളിൽ നിന്ന് യുപിഐ വിവരങ്ങൾ ആവശ്യപ്പെടാൻ സാദ്ധ്യത ഏറെയാണ്.
ഒടിടി സേവനങ്ങൾ അടക്കമുള്ളവയുടെ പേയ്മെന്റ് യുപിഐ വഴി നൽകുന്നവരുണ്ട്. ഇത്തരം ആവശ്യത്തിനായി ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് അറിയിച്ച് വരെ വിവരങ്ങൾ ആരാഞ്ഞ് തട്ടിപ്പ് നടന്നുവരുന്നുണ്ട്. പണം അയക്കുന്നത് ശരിയായുള്ള നമ്പറിലേയ്‌ക്കാണ് എന്നതും ഉറപ്പുവരുത്തണം. സോഷ്യൽ മീഡിയ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ യുപിഐ വിവരങ്ങളോ സ്ക്രീൻ ഷോട്ടുകളോ പങ്കുവെയ്‌ക്കാതിരിക്കുക. പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന വിശ്വസനീയമായ യുപിഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ളേസ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കുക. യുപിഐ പിൻ അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ക്ളിക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഉടനെ തന്നെ ബാങ്കിനെ അറിയിച്ച് സ്ഥിരീകരണവുമാകാം. അഥവാ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയായാൽ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാനും ശ്രദ്ധിക്കുക.
Comments