എറണാകുളം: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി അറസ്റ്റിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയതായിരുന്നു ഡോയൽ. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്‌ക്കിടിയിൽ ഇയാൾ അക്രമാസക്തനാകുകയായിരുന്നു. ചികിത്സ നൽകുന്നതിനിടയിൽ ഇയാൾ മുഖത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മെഡിക്കൽ കോളേജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലുള്ളത്. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ ആരോപണമുണ്ട്.
ആശുപത്രിയിലെത്തിയത് മുതൽ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയൽ പെരുമാറിയിരുന്നത്. ജീവനക്കാരോട് തട്ടിക്കയറിയ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി. ചികിത്സക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഇർഫാൻ എത്തിയപ്പോൾ പ്രതി ആക്രമിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന് ശേഷവും പ്രതി ആശുപത്രിയിൽ ബഹളം വെച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രി സംരക്ഷണ നിയമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോ.വന്ദനദാസിന്റെ മരണത്തോടെ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
















Comments