ന്യൂഡൽഹി: രാജ്യത്ത് 2015 മുതൽ രണ്ടായിരത്തോളം അപ്രസക്തമായ നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നിയമരംഗത്ത് വിവിധ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നിയമനിർമ്മാണ കരട് രൂപീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യക്ഷമമല്ലാത്ത നിയമനിർമ്മാണ സംവിധാനം നിയമങ്ങളെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുമെന്നും ജുഡീഷ്യറിയുടെ പ്രവർത്തനത്തെ പോലും ബാധിക്കുകയും ചെയ്യുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നിയമനിർമ്മാണം ശാസ്ത്രമോ കലയോ അല്ല മറിച്ച് ആത്മാർപ്പണത്തോടെ വൈദഗ്ധ്യത്തോടെ നടപ്പിലാക്കേണ്ട കാര്യമാണ്. നിയമം വ്യക്തമായിരിക്കണം, അവ്യക്തമായ ഒന്നും അതിൽ ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ലളിതവും വ്യക്തവുമായ വാക്കുകളിൽ നിയമം രൂപപ്പെടുത്തണമെന്ന് അമിത് ഷാ പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
ഭരണഘടന, ജനങ്ങളുടെ ക്ഷേമം, സംസ്കാരം, ചരിത്രപരമായ പൈതൃകം, സമൂഹത്തിന്റെ സ്വഭാവം, സാമ്പത്തിക, സാമൂഹിക വികസന നില, അന്താരാഷ്ട്ര ഉടമ്പടികളും ഉത്തരവാദിത്തങ്ങളും എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി അർജുൻ റാം മേഘ്വാ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ സംസാരിച്ചു.
അതേസമയം ജനാധിപത്യത്തിനായുളള പാർലമെന്ററി ഗവേഷണ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടും ഭരണഘടനാ-പാർലമെന്ററി പഠന ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, വിവിധ മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കിടയിൽ നിയമനിർമ്മാണ കരടിന്റെ തത്വങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ച് ധാരണ സൃഷ്ടിക്കുക എന്നതാണ് പരിശീലന പരിപാടി കൊണ്ട് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
Comments