ബെംഗളൂരു: വിമാനയാത്രക്കിടെ ബീഡി വലിച്ച 56-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനത്തിൽ വച്ചായിരുന്നു സംഭവം. കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു. ആകാശ എയർലൈനിന്റെ ഡ്യൂട്ടി മാനേജർ വിമാനത്താവള പോലീസിനെ വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. സഹയാത്രികരുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാജസ്ഥാനിലെ മർവാർ സ്വദേശിയായ പ്രവീൺ കുമാറാണ് പ്രതി. അഹമ്മദാബാദിൽ നിന്നും വിമാനത്തിൽ കയറിയ ഇയാൾ യാത്രക്കിടെ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇത് വിമാനജീവനക്കാർ പിടികൂടി. പോലീസ് പിടിയിലായ പ്രവീണിനെ നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
താൻ ജീവിതത്തിലാദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നും നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി. സാധാരണയായി ട്രെയിനിലാണ് യാത്ര ചെയ്യാറുള്ളത്. അപ്പോഴൊക്കെ ശുചിമുറിയിൽ കയറി ബീഡി വലിക്കും. അതുതന്നെ വിമാനത്തിനകത്തും ചെയ്യാമെന്ന് കരുതിയെന്ന് പ്രവീൺ പോലീസിനോട് പറഞ്ഞു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെയുണ്ടായ വീഴ്ചയാണ് പ്രവീണിന്റെ കൈവശം ബീഡിയുണ്ടെന്ന് കണ്ടെത്താൻ കഴിയാതിരുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Comments