ഇസ്ലാമാബാദ്: ഏതുനിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോവുകയാണെന്ന് വ്യക്തമാക്കി പാകിസ്താൻ മുൻ പ്രാധാനമന്ത്രി ഇമ്രാൻ ഖാൻ. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ് ചെയ്യുമെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചു. ഇതുതന്റെ അവസാന ട്വീറ്റ് ആയേക്കുമെന്നും പാക് മുൻ പ്രധാനമന്ത്രി പറഞ്ഞു. ലൈവ് വീഡിയോ സന്ദേശത്തിലൂടെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്.
പാകിസ്താൻ തകരാൻ പോവുകയാണ്. നമ്മുടെ തലച്ചോറ് ഈ നിമിഷം കാര്യക്ഷമമായി ഉപയോഗിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ ഈ രാജ്യം കണ്ടംതുണ്ടമാകും. അതു നുള്ളിപ്പറുക്കി നേരെയാക്കാൻ പോലും നമുക്ക് കഴിഞ്ഞെന്ന് വരില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് പേടിയാണ്. കാരണം എല്ലാ സർവേകളും തെളിയിക്കുന്നത് രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്‌ട്രീയ പാർട്ടി പിടിഐ ആണെന്നതാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ ഇമ്രാൻ ഖാൻ വിജയിക്കുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ തിരഞ്ഞെടുപ്പിനെ ഭയക്കുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്തതിന് ശേഷം രാജ്യത്ത് നടന്ന കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്ന് കോടതിയോട് പിടിഐ ആവശ്യപ്പെടുമെന്നും പാർട്ടി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
















Comments