ചെന്നൈ: കേരളാസ്റ്റോറി എന്തുകൊണ്ട് വിലക്കി എന്ന ചോദ്യത്തിന് മുൻപിൽ വ്യക്തമായ മറുപടി നൽകാതെ തമിഴ്നാട് സർക്കാർ. കേരള സ്റ്റോറി എന്ന സിനിമ തമിഴ്നാട്ടിൽ നിരോധിച്ചിട്ടില്ലെന്നും പ്രദർശനം നിർത്തിവയ്‌ക്കുകയായിരുന്നുവെന്നുമുള്ള അവ്യക്തമായ സത്യവാങ്മൂലമാണ് തമിഴ്നാട് സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
തമിഴ്നാട് എഡിജിപി ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. മോശം അഭിപ്രായത്തെ തുടർന്ന് പ്രദർശനങ്ങൾ അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചത്. ദി കേരള സ്റ്റോറി സിനിമയുടെ റിലീസിൽ കേരള ഹൈക്കോടതി ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഡൽഹി നിസാമുദ്ദീൻ ഈസ്റ്റ് സ്വദേശി ഖുർബാൻ അലി സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഇതിലാണ് കേരള സ്റ്റോറി നിരോധിച്ചതെന്തുകൊണ്ടെന്ന് തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്.
അതേസമയം മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. 12-ാം ദിനം 150 കോടി ക്ലബ്ബിൽ ഇടം നേടി കേരള സ്‌റ്റോറി. 2023-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി മാറുകയാണ് സിനിമ. വിവാദങ്ങൾക്കൊന്നും മുഖം കൊടുക്കാതെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം
Comments