ബെംഗളുരു: വളരെ നീണ്ട തർക്കത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുരുക്കം ചില മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ പകുതി വർഷങ്ങൾ വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന ഫോർമുലയിൽ തർക്കം അവസാനിപ്പിക്കുകയായിരുന്നു. ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ കരസ്ഥമാക്കിയാണ് ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രി പദത്തിലേറുന്നത്.
എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യസമ്മേളനമാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷികളിലെ നേതാക്കളെയും എല്ലാ ഭൂരിഭാഗം പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് മുഖ്യമന്ത്രിമാർക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറാൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ അയൽ സംസ്ഥാനമായിട്ട് കൂടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയ്‌ക്കും ക്ഷണമുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് ചടങ്ങിലേക്ക് അതിഥികളായി പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചത്.
Comments