കൊല്ലം : യുവ ഡോ.വന്ദനദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ നാലരയോട് കൂടിയാണ് തെളിവെടുപ്പ് ആരംഭിച്ചത്.
കൊലപാതകം നടന്ന അതേസമയം തന്നെ സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങൾ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. തെളിവെടുപ്പ് സമയത്ത് നിർണായക മൊഴികൾ പ്രതിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.
അതേസമയം പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്‌ക്ക് വിധേയനാക്കി. സർക്കാർ നിർദ്ദേശാനുസരണം മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിദഗ്ധ സംഘമാണ് പ്രതിയെ പരിശോധിച്ചത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു പരിശോധന നടന്നത്. പരിശോധനകൾക്കൊടുവിൽ പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് വിദഗ്ധ സംഘം സ്ഥിരീകരിച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്നാണ് നിലവിലെ വിലയിരുത്തൽ.
















Comments