പിണറായി സർക്കാരിന്റെ അഴിമതിക്കും ഭരണ തകർച്ചയ്‌ക്കുമെതിരെ പ്രതിഷേധം; സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിക്കുമെന്ന് ബിജെപി

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം കരിദിനമായി ആചരിക്കാൻ ബിജെപി. സർക്കാരിന്റെ അഴിമതിക്കും ഭരണ തകർച്ചക്കുമെതിരെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ രാപ്പകൽ സമരം.

നാളെ രണ്ടാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കാനിരിക്കെ വാർഷികം കരിദിനമായി ആചരിക്കാനാണ് ബിജെപി ഒരുക്കുന്നത്. ഒപ്പം രാപ്പകൽ സമരം നടത്തി സർക്കാരിന്റെ അഴിമതിയും ഭരണ തകർച്ചയും പൊതു ജനങ്ങളിലേക്ക് ബിജെപി എത്തിക്കും. ഇന്ന് രാത്രി ഏഴുമണിക്ക് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ബിജെപി രാപ്പകൽ സമരം ആരംഭിക്കും. ബിജെപിയുടെ സംസ്ഥാന നേതാക്കൾ കരിദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടിയിൽ ഭാഗമാകും. നാളെ വൈകിട്ട് വരെയാണ് രാപ്പകൽ സമരം.

അതേസമയം യുവജന വഞ്ചനയുടെ ഏഴാണ്ട് ഇരുട്ടിന്റെ ഏഴാണ്ട് എന്ന മുദ്രാവാക്യമുയർത്തി യുവമോർച്ചയും പ്രതിഷേധം ശക്തമാക്കും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആർഭാടമായി രണ്ടാം വാർഷികം നടത്താനുള്ള ഇടത് സർക്കാരിന്റെ നയങ്ങൾക്കെതിരെ ഭരണ പരാജയത്തിന്റെ 7 വർഷങ്ങൾ ഉയർത്തിയാകും യുവമോർച്ച പ്രതിഷേധിക്കുക. ഇന്ന് രാത്രി എട്ടുമണിക്ക് കിഴക്കേകോട്ട ഗാന്ധി പാർക്ക് മുതൽ സെക്രട്ടറിയേറ്റ് വരെ ‘നൈറ്റ് മാർച്ച്’ നടത്താനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോർച്ചയുടേയും തീരുമാനം.

Share
Leave a Comment