കൊല്ലം: സ്വകാര്യ വസ്തുവിന്റെ റീസർവേ പിശക് പരിഹരിക്കണമെന്ന വിധി നടപ്പാക്കാത്ത കുന്നത്തൂർ തഹസിൽദാരുടെ ഔദ്യോഗിക വാഹനം മുൻസിഫ് കോടതി ജപ്തി ചെയ്തു. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ശാസ്താംകോട്ട മുൻസിഫ് കോടതിയാണ് ജപ്തി ചെയ്തത്. സംസ്ഥാന സർക്കാർ, കളക്ടർ, റീസർവേ സൂപ്രണ്ട്, കുന്നത്തൂർ തഹസിൽദാർ, ശൂരനാട് വടക്ക് വില്ലേജ് ഓഫീസർ എന്നിവരെ കക്ഷികളാക്കിയുള്ള കേസിലാണ് നടപപടി. ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് എബിൻ നിവാസിൽ തോമസ് ലൂക്കോസ് ആണ് കേസ് നൽകിയത്.
സർവേ നമ്പർ 54/1 ഉൾപ്പെട്ട മൂന്നര സെന്റ് സ്ഥലം മുന്നാധാരക്കാരനിൽ നിന്ന് 35 വർഷങ്ങളിൽ വർഷങ്ങൾക്ക് മുൻപ് വില ആധാരം വാങ്ങിയതിന് ശേഷം 13,887 തണ്ടപ്പേരിൽ കരം ഒടുക്കിയിരുന്നു. റീസർവേ രേഖകളിൽ സ്ഥലം പുറമ്പോക്ക് എന്ന എന്ന പേരിലാണ് കിടന്നിരുന്നത്. ഇതിനെതിരെ 2016-ൽ കേസ് നൽകിയിരുന്നു. എന്നാൽ അന്ന് എതിർകക്ഷികൾ ഹാജരാകുകയോ തർക്കം ഉന്നയിക്കുകയോ ചെയ്തിരുന്നില്ല.
തൂടർന്ന് 2018-ൽ വാദിയ്ക്ക് അനുകൂലമായി വിധി വന്നു. എന്നാൽ വിധി നടപ്പിലാക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ തയാറായില്ല. ഇതിനെതിരെ 2020-ൽ വീണ്ടും കോടതിയെ സമീപിച്ചു. എന്നാൽ അന്നും എതിർ കക്ഷികൾ സഹകരിക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് സർക്കാർ വകുപ്പുകളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ തഹസിൽദാരുടെ വാഹനം ജപ്തി ചെയ്യണമെന്ന ആവശ്യം വാദി ഉന്നയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വാഹനം നോട്ടീസ് പതിച്ച് ജപ്തി ചെയ്ത ശേഷം കോടതി പരിസരത്തേക്ക് മാറ്റി. ജപ്തി വിവരം അറിഞ്ഞു വാഹനം താലൂക്ക് ഓഫീസിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഇട്ടിരുന്നെങ്കിലും കോടതി കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
Comments