വെള്ളിത്തിരയിലെ താര രാജാവിന്റെ പിറന്നാളാണ് ഇന്ന്. നാല് പതിറ്റാണ്ടിൽ ഏറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങൾക്ക് ഭാവവും ഭാവുകത്വവും പകർന്നു നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. ഇതിഹാസ താരത്തിന്റെ പിറന്ന നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനമാലോകവും അദ്ദേഹത്തിന്റെ ആരാധകരും.
നിരവധി ആളുകളാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തുന്നത്. അച്ഛനിലൂടെ മനസിലാക്കിയ മോഹൻലാലിനെ അക്കാലത്തെ ചിത്രം പങ്കുവെച്ചാണ് നടൻ ബിനു പപ്പു ആശംസകളറിയച്ചത്. തന്റെ അച്ഛനൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ബിനു പപ്പു ആശംസകൾ പങ്കുവെച്ചത്. ഒരു സ്‌ക്രൂ ഡ്രൈവർ എടുത്ത് കുതിരവട്ടം പപ്പുവിന്റെ ചെവിയിലിടുകയാണ് മോഹൻലാൽ. ഈ ചിത്രം കാണുമ്പോൾ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ മൊയ്തീനെ ആ സ്പാനർ ഇങ്ങെടുത്തെ എന്ന ഡയലോഗ് ആണ് ആരാധകർക്ക് ഓർമ വരിക.
1960 മെയ് 21-നാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി മോഹൻലാൽ ജനിച്ചത്. 1980-ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് മോഹൻലാൽ അഭിനയ ജീവിതത്തിലേക്ക് ചുവടുവെയ്‌ക്കുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 350-ഓളം ചിത്രങ്ങളിൽ അദ്ദേഹം തന്റെ അഭിനയമികവ് കാഴ്ചവെച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ നൂറുകണക്കിന് കഥാപാത്രങ്ങളെ അനശ്വരമാക്കി തീർത്ത മഹാനടനാണ് അദ്ദേഹം.
















Comments