അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ രണ്ടാം വിക്ഷേപണം വിജയകരം. നാസയുടെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റർ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്നുമാണ് നാല് ബഹിരാകാശ സഞ്ചാരികളുമായി ക്രൂ ഡ്രാഗൺ ബഹീരാകാശ പേടകം പറന്നുയർന്നത്. ഇതിൽ രണ്ടുപേർ സൗദി പൗരന്മാരാണ്.
ആദ്യമായാണ് സൗദി പൗരന്മാർ ബഹിരാകാശത്തേക്ക് പറക്കുന്നത്. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ സൗദി വനിതാ എന്ന നേട്ടം കരസ്ഥമാക്കി. കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യുദ്ധവിമാന പൈലറ്റായ സൗദി പൗരൻ അലിഅൽ ഖർനിയും യാത്രയിലുണ്ട്. പൈലറ്റ് ജോൺ ഷോഫ്‌നറും ദൗത്യത്തിൽ ഒപ്പമുണ്ടാകും. അന്തരാഷ്‌ട്ര സ്‌പേസ് സെന്ററിലേക്ക് നാലാം തവണയാണ് പെഗ്ഗി വിറ്റ്‌സൺ യാത്ര ചെയ്യുന്നത്. സംഘം പത്ത് ദിവസത്തോളം ഇവിടെ ചിലവഴിക്കും.
സ്വകാര്യ എയറോസ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസ് വിഭാവനം ചെയ്യുന്ന വാണിജ്യ ബഹിരാകാശ നിലയത്തിന്റെ വികസനത്തിന് വേണ്ടി നാല് പേരും പ്രവർത്തിക്കും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 20 പരീക്ഷണങ്ങൾ നടത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇവരുടെ യാത്ര.
ആക്‌സിയം സ്‌പേസിന്റെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ദൗത്യം 2022 ഏപ്രിലിലാണ് നടന്നത്. മൂന്ന് വ്യവസായികളെയും മുൻ ബഹിരാകാശ സഞ്ചാരി മൈക്കൽ ലോപ്പസ്-അലെഗ്രിയയെയും Ax-1 ന്റെ ഭാഗമായി ബഹിരാകാശത്തെത്തി. 17 ദിവസത്തിന് ശേഷമാണ് ഇവർ മടങ്ങിയെത്തിയത്.
















Comments