ഇൻഡോർ: കാമുകിയെ സമർദ്ദം ചെലുത്തി മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. 23-കാരനായ മദ്ധ്യപ്രദേശ് സ്വദേശിയാണ് ഇൻഡോറിൽ അറസ്റ്റിലായത്. യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പോലീസിൽ പരാതി നൽകി. ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതിയും വഴക്കിട്ടുവെന്നും ഇതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തമ്മിൽ അടുപ്പമായതോടെ യുവാവിനൊപ്പം താമസിക്കുകയായിരുന്നു പരാതിക്കാരി. ഇതിനിടെ മതം മാറാൻ ഇയാൾ നിർബന്ധിച്ചു. മതം മാറാൻ തയ്യാറാകാത്തതോടെ ശാരീരികവും മാനസികവുമായി പെൺകുട്ടിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു.
അടുത്തിടെ ഇരുവരും ദി കേരള സ്റ്റോറി കാണുകയുണ്ടായി. സിനിമയിലുള്ളത് തന്റെ അനുഭവമാണെന്ന് തോന്നിയ യുവതി യുവാവിനെ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും യുവതിയെ അക്രമിച്ച ശേഷം യുവാവ് ഉപേക്ഷിക്കുകയുമായിരുന്നു. മെയ് 19 നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്.
Comments