പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിജിലൻസ് അറിയിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കുമെന്നറിയിച്ചിട്ടുണ്ട്.
സുരേഷ്കുമാറിന്റെ വീട്ടിൽ നിന്ന് പണമായി പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ട്, 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17 കിലോ നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. ആകെ 1.5 കോടി രൂപയാണ് വിജിലൻസ് കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ഇത്രയധികം തുക പിടിച്ചെടുക്കുന്നത് ആദ്യമായാണെന്ന് വിജിലൻസ് അറിയിച്ചു.
എംഇഎസ് കോളേജിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറിൽ വെച്ച് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ വലയിലാവുന്നത്. ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച പാലക്കയം വില്ലേജ് പരിധിയിൽ 45 ഏക്കർ സ്ഥലമുള്ള മഞ്ചേരി സ്വദേശിയുടെ പക്കൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഇതേ പരാതിക്കാരനിൽ നിന്ന് സുരേഷ് ബാബു മുൻപും കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു. പരാതിക്കാരനിൽ നിന്ന് ആറ് മാസം മുൻപ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുൻപ് 9,000 രൂപയും വാങ്ങിയിരുന്നു.
Comments