ലക്നൗ: ഡ്രൈവിംഗ് വശമില്ലാത്തതിനാൽ വാഹന മോഷണത്തിൽ നിന്ന് പിൻമാറി കടന്നുകളഞ്ഞ കവർച്ച സംഘം പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘം വാൻ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവിംഗ് അറിയാത്തതിനാൽ കവർച്ചയിൽ നിന്ന് പിന്മാറേണ്ടി വരികയായിരുന്നു.
കോളേജ് വിദ്യാർത്ഥികളായ രണ്ട് പേർ ഉൾപ്പെടെ മൂന്ന് യുവാക്കളാണ് വാൻ മോഷ്ടിക്കാൻ ശ്രമം നടത്തിയത്. കാൻപൂരിലെ ദബൗലി ഏരിയയിൽ കിടക്കുകയായിരുന്ന മാരുതി വാൻ മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിദഗ്ധമായി വാനിന്റെ ഡോർ തുറന്ന് അകത്ത് കയറിയെങ്കിലും മോഷണത്തിന് വിലങ്ങുതടിയായി അവർ ആ ‘നഗ്നസത്യം’ തിരിച്ചറിഞ്ഞു.
മൂവർക്കും വാഹനം ഓടിക്കാൻ വശമില്ല. എങ്കിലും തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. മൂന്ന് പേരും ചേർന്ന് വാൻ തള്ളിനീക്കാൻ തീരുമാനിച്ചു. പാതിരാത്രി മൂവരും ചേർന്ന് പത്ത് കിലോമീറ്ററോളം ദൂരം വാൻ തള്ളി നീക്കി. ഇനിയും ഉന്തി നടക്കാൻ വയ്യെന്നായപ്പോൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് എടുത്ത് കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ആളനക്കമില്ലാത്ത സ്ഥലത്ത് വാൻ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മെയ് ഏഴിനായിരുന്നു സംഭവം.
എന്നാൽ ചൊവ്വാഴ്ചയോടെ മൂന്ന് പേരെയും പോലീസ് പിടികൂടുകയായിരുന്നു. സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നിവരാണ് മോഷണ കുറ്റത്തിന് അറസ്റ്റിലായത്. മഹാരാജ്പൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർത്ഥിയാണ് സത്യം കുമാർ. ഡിബിഎസ് കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിയാണ് അമൻ. മൂന്നാമനായ അമിതിന് ജോലിയുണ്ട്. അമിത്തായിരുന്നു മോഷണം മുഴുവൻ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. വാൻ ഓൺലൈനായി വിൽക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സംഘം പോലീസിന്റെ വലയിലാകുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments