ന്യൂഡൽഹി: മുപ്പതിലധികം കുരുന്നുകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയർ കില്ലറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഡൽഹി കോടതി. രവീന്ദർ കുമാർ എന്ന പ്രതി 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ കൊലപാതക പരമ്പരകൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2008 മുതൽ 2015 വരെയുള്ള കാലത്താണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. ചില കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു ഇയാൾ ബലാത്സംഗം (necrophilia) ചെയ്തിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി തുടർന്ന കേസിന്റെ വിചാരണ പൂർത്തിയായതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.
ഡൽഹിയിൽ കൂലിപ്പണിക്കാരനായിരുന്നു പ്രതി. ലഹരി അമിതമായി ഉപയോഗിച്ചിരുന്ന ഇയാൾ നീലച്ചിത്രങ്ങൾക്ക് അടിമയായിരുന്നു. ഓരോ തവണ അശ്ലീല ചിത്രങ്ങൾ കാണുമ്പോഴും പ്രതി കുട്ടികളെ തിരഞ്ഞുനടക്കും. വലയിൽ കുരുങ്ങുന്ന ഇരകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. 2008-ലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുറ്റകൃത്യം പ്രതി ചെയ്തത്. അന്ന് ഇയാൾക്ക് വെറും 18 വയസ് മാത്രമായിരുന്നു പ്രായം. തുടർന്നുള്ള ഏഴ് വർഷത്തോളം ഇയാൾ മുപ്പതിലധികം കുട്ടികളെ പൈശാചികമായി കൊല്ലപ്പെടുത്തി.
ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നും ജോലി തേടി 2008ലാണ് രവീന്ദർ ഡൽഹിയിലെത്തുന്നത്. വീട്ടുജോലിക്കാരിയായ അമ്മയുടെയും പ്ലംബറായ അച്ഛന്റെയും മകനാണ് രവീന്ദർ. ഡൽഹിയിൽ എത്തിപ്പെട്ട കാലം മുതൽ ഇയാൾ മയക്കുമരുന്നിന് അടിമയായി. അന്തിയോളം ജോലിചെയ്ത് ക്ഷീണിച്ച് വരുന്ന ഇയാൾ റൂമിലെത്തി നീലച്ചിത്രങ്ങൾ കാണും. പാതിരാത്രിയാകുമ്പോൾ പ്രതിയുടെ ലൈംഗികവൈകൃതങ്ങൾ പരീക്ഷിക്കാൻ കുട്ടികളെ തേടിയിറങ്ങും.
ചിലപ്പോൾ അലഞ്ഞുനടന്ന് ഇയാൾ നാല്പത് കിലോമീറ്ററോളം ദൂരം വരെ കാൽനടയായി രാത്രി സഞ്ചരിക്കാറുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരച്ചിലിനൊടുവിൽ ഏതെങ്കിലും തെരുവിൽ നിന്നും ഇരയെ കണ്ടുകിട്ടും. പത്ത് രൂപ നോട്ടോ ചോക്ലേറ്റോ കയ്യിൽ കൊടുത്ത് കുട്ടിയെ വശത്താക്കും. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തും. രവീന്ദറിന്റെ ഇരയായ ഏറ്റവും ചെറിയ കുട്ടിക്ക് ആറ് വയസായിരുന്നു പ്രായം. 12 വയസുള്ള കുട്ടിയെ ഉൾപ്പെടെ ഇയാൾ വലയിലാക്കിയിട്ടുണ്ട്.
പോലീസിന്റെയും നാട്ടുകാരുടെയും കയ്യിൽ അകപ്പെടാതിരിക്കാൻ ഒന്നിലധികം കുറ്റകൃത്യം ഒരേസ്ഥലത്ത് വച്ച് തന്നെ ചെയ്യുന്നത് പ്രതി ഒഴിവാക്കി. ഒരിക്കലും പിടിക്കപ്പെടാതെ പോകുന്നു എന്നുള്ളതായിരുന്നു കുറ്റം വീണ്ടുമാവർത്തിക്കാൻ രവീന്ദറിന് പ്രചോദനം നൽകിയത്. ബലാത്സംഗം ചെയ്ത ശേഷം കുട്ടികളെ വെറുതെ വിടണമെന്ന് താത്പര്യമുണ്ടെങ്കിലും പിന്നീട് ഈ കുട്ടികൾ കണ്ട് തിരിച്ചറിയുമോയെന്ന ഭയത്തിലായിരുന്നു ഇരകളെയെല്ലാം പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
















Comments