ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാനെ നോ ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തി. വ്യോമയാന യാത്രയ്ക്ക് വിലക്ക് ലഭിച്ചവരുടെ പട്ടികയാണ് നോ ഫ്ളൈ ലിസ്റ്റ്. ഇമ്രാൻ ഖാൻ കൂടാതെ ഭാര്യ ബുഷറ ബീബിയെയും പിടിഐയുടെ 80 ഓളം വരുന്ന അംഗങ്ങളെയും നോ ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പല സൈനിക സ്ഥാപനങ്ങളിലും ഇമ്രാൻ ഖാൻ അനുകൂലികൾ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ-തെഹ്രീകെ-ഇൻസാഫ് പാർട്ടിയെ നിരോധിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് സൂചന. ഇത്തരം ഊഹാപോഹങ്ങൾ പുറത്തുവരുന്നതിനിടെയാണ് പിടിഐ അംഗളെയും അദ്ധ്യക്ഷനെയും നോ ഫ്ളൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമാണ്.
പിടിഐ പാർട്ടിയെ അടിച്ചമർത്താനുള്ള ശ്രമമാണ് പാക് ഭരണകൂടം നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. പതിനായിരത്തോളം പിടിഐ പ്രവർത്തകർ ജയിലിലാണെന്നും ഇവരിൽ പലരും കസ്റ്റഡിയിൽ ചൂഷണങ്ങൾ നേരിടുകയാണെന്നും പിടിഐ അദ്ധ്യക്ഷൻ വാദിച്ചു.
Comments