തീപിടുത്തങ്ങൾ നിയന്ത്രിക്കാൻ സംസ്ഥാനത്തെ അഗ്നി രക്ഷ സേനയ്ക്ക് പഴഞ്ചൻ
സംവിധാനങ്ങൾ മാത്രം. സേനയ്ക്ക് അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും അതിനുള്ള ടെൻഡർ നടപടികൾ പോലും ആയിട്ടില്ല.
അഗ്നി രക്ഷാ സേനയ്ക്ക് അത്യാധുനിക ഫയർഫൈറ്റിങ് റോബോട്ട്, ബഹുനില കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഏരിയൽ ലാഡർ പ്ലാറ്റ്ഫോം എന്നിവ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ധാനം. എന്നാൽ
ഇപ്പോഴും തീപ്പിടിത്തങ്ങൾ നിയന്ത്രിക്കാൻ അഗ്നി രക്ഷാ സേന ഉപയോഗിക്കുന്നത് പഴഞ്ചൻ സംവിധാനങ്ങളാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ 15 കോടി വില വരുന്ന ഏരിയൽ ലാഡർ പ്ലാറ്റ് ഫോം ഇതുവരെയും വാങ്ങാൻ സർക്കാരിന് ആയിട്ടില്ല.
പ്ലാറ്റ്ഫോം 60 മീറ്റർവരെ ഉയർത്താൻ കഴിയുന്നതാണ് ഏരിയൽ ലാഡർ പ്ലാറ്റ് ഫോം. അഗ്നി രക്ഷാസേനാംഗങ്ങൾക്ക് കെട്ടിടങ്ങളുടെ മുകൾനിലയിലെത്തി രക്ഷാപ്രവർത്തനം നടത്താനും കുടുങ്ങിക്കിടക്കുന്നവരെ ഇതിലേക്കു മാറ്റാനുമാകും. ഗ്ലോബൽ ടെൻഡർ വഴി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. കൂടാതെ രണ്ടുകോടി രൂപ വിലയുള്ള രണ്ടുഫയർ ഫൈറ്റിങ് റോബോട്ടുകൾ വാങ്ങാനും ധാരണ ഉണ്ടായിരുന്നു. മണിക്കൂറിൽ നാലുകിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിന് മിനിറ്റിൽ 2400 ലിറ്റർ വെള്ളം നൂറുമീറ്റർ അകലത്തേക്ക് പ്രവഹിപ്പിക്കാൻ ശേഷിയുള്ള റോബോട്ടുകൾ കേട്ടു കേൾവി മാത്രമായി. തീപ്പിടുത്തത്തിന്റെ തീവ്രത അനുസരിച്ച് റിമോട്ടിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന റോബോട്ടിന് സെൻസറും ക്യാമറയുമുണ്ട്.
Comments