തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമുകളിൽ മിന്നൽ പരിശോധന. പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തി. എറണാകുളം ജില്ലയിൽ മാത്രം 11 ഷോ റോമുകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പരിശോധന നടന്നത്. വിലപ്പനയ്ക്ക് വെച്ചിരിക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിനടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. ലൈസൻസ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങൾ കൊച്ചി നഗരത്തിൽ 48 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വാഹനങ്ങളിൽ ഏത് ഘട്ടത്തിലാണ് കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താൻ പോലീസ് സഹായം വേണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞു. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. ഇത്തരം വാഹനങ്ങൾക്ക് അപകടമുണ്ടായാൽ കേസെടുക്കാൻ പോലീസിന് സാധിക്കില്ല. ഇത്തരത്തിൽ വലിയ ഇളവുകളുള്ള വാഹനങ്ങളിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
Comments