കോഴിക്കോട്: താനൂർ സ്വദേശി ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതവുമായി സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി പ്രതി ഫർഹാനയുടെ മാതാവ്. ഫർഹാനയെ നേരത്തെ തന്നെ സിദ്ദിഖിന് പരിചയമുണ്ടായിരുന്നതായി ഫർഹാനയുടെ മാതാവ് പറഞ്ഞു. ശിബിലിക്ക് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകിയത് ഫർഹാനയാണെന്നും ശിബിലിക്ക് സിദ്ദിഖിനോട് ശത്രുതയുണ്ടായിരുന്നതായും ഫർഹാനയുടെ മാതാവ് ജനം ടിവിയോട് പറഞ്ഞു.
ഫർഹാനയ്‌ക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും ശിബിലി ചെയ്യിച്ചതാകാമെന്നും ഫർഹാനയുടെ മാതാവ് പറഞ്ഞു. യുവതിയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ശിബിലിയായിരുന്നു. ഫർഹാന കടക്കാരി ആയതിന് പിന്നിലും മോഷണ കേസിൽപ്പെട്ടതിന് പിന്നിലും ശിബിലിയായിരുന്നു. എന്നാൽ ഫർഹാന 23 -ാം തീയതിവരെ വീട്ടിലുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.
ഫർഹാനയാണ് കൊലപാതകവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കേന്ദ്രബിന്ദു എന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം പിടിയിലായ ആഷിഖിന് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്താനുണ്ടായ കാരണവും സാഹചര്യവുമാണ് ഇനി പുറത്തുവരാനുള്ളത്.
സംഭവത്തിൽ പ്രതികളായ ശിബിലിയെയും ഫർഹാനയെയും കോഴിക്കോട് എത്തിച്ചു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. രണ്ട് പ്രതികളെയും പ്രത്യേകം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇന്ന് ഉച്ചയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
















Comments