ന്യൂഡൽഹി: ഭോപ്പാൽ ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ്. ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതികളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ ഇന്ന് പുലർച്ചയോടെയാണ് റെയ്ഡ് നടത്തിയത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലെ 13-ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
മദ്ധ്യപ്രദേശ് പോലീസുമായി ഏകോപിച്ചാണ് എൻഐഎ റെയ്ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് എൻഐഎ 10 പേരെ അറസ്റ്റ് ചെയ്യ്തിരുന്നു. ഭോപ്പാൽ കോടതിയിൽ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനായാണ് റെയ്ഡ് നടക്കുന്നത്. കേസിൽ അറസ്റ്റിലായവരിൽ ആറുപേരും ബംഗ്ലാദേശി പൗരന്മാരും ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് ( ജെഎംബി ) പ്രവർത്തകരുമാണ്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യയിലേക്കെത്തിയ ഇവർ ലഘുലേഖകൾ പ്രചരിപ്പിക്കുകയും ഭീകര പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സമാഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് എൻഐഎ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിനെതിരായി ആക്രമണം നടത്താനായിരുന്നു പത്ത് പേരും ലക്ഷ്യമിട്ടിരുന്നതെന്നാണ് എൻഐഎ വിലിയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ (മൊബൈൽ ഫോണുകൾ), സിം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.
















Comments