കൊല്ലം: സ്വകാര്യ എടിഎമ്മിൽ പണം നിറയ്ക്കുന്നതിനായി ബൈക്കിലെത്തിയ യുവാവിനെ കാറിടിച്ചു വീഴ്ത്തി കവർച്ച. ജീവനക്കാരനായ യുവാവിനെ കാറിടിച്ചു വീഴ്‌ത്തി 13 ലക്ഷം രൂപ കവർന്നുവെന്നാണ് പരാതി. പട്ടാഴി മരുതമൺ ഭാഗം വിരുത്തിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പട്ടാഴിലേത് ഉൾപ്പെടെയുള്ള എടിഎം സെന്ററുകളിലേക്ക് പണം നിറയ്‌ക്കുന്നതിനായി ബൈക്കിൽ വരവെയാണ് കവർച്ച നടന്നത്. പിന്നാലെയെത്തിയ സ്‌കോർപിയോ കാർ കൊണ്ട് ഇടിച്ചു വീഴ്‌ത്തിയാണ് പണം കവർന്നതെന്നാണ് പരാതി.
പണം സൂക്ഷിച്ചിരുന്ന ബാഗും മറ്റ് സാധനങ്ങളും സംഭവ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ റോഡരികിൽ കണ്ടെത്തി. ആൾത്താമസം ഇല്ലാത്ത പ്രദേശമാണ് ഇവിടം. അതുകൊണ്ട് തന്നെ ഈ സംഭവവും ആരും തന്നെ കണ്ടിട്ടില്ല. നിലവിൽ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഒരു വർഷത്തോളമായി എടിഎമ്മിൽ പണം നിറയ്‌ക്കുന്ന ഫ്രാഞ്ചൈസിയുടെ ഭാഗമായി ജോലി ചെയ്യുന്ന ആളാണ് അന്തമൺ സ്വദേശിയായ ഗോകുൽ. മേഖലയിലെ സിസിടിവി ദൃശ്യം ശേഖരിച്ച് വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ് പോലീസ്.
Comments