മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ. കേസിലെ പ്രധാന പ്രതികളായ ഫർഹാനയെയും ഷിബിലിയെയുമാണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ ഫർഹാനയെ കാർ ഉപേക്ഷിച്ച ചെറുതുരുത്തിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
സിദ്ദിഖിന്റെ കാർ ഉപേക്ഷിച്ചതിന് സമീപമുള്ള വീട്ടിൽ ഫർഹാനയും ഷിബിലിയും പെയിംഗ് ഗസ്റ്റ് ആയി താമസിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥൻ പോലീസിനു മൊഴി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ കിണറ്റിൽ നിന്ന് സിദ്ദിഖിന്റെ എടിഎം കാർഡും ചെക്ക് ബുക്കും തോർത്തും പോലീസ് കണ്ടെത്തി. ഫർഹാനയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ നാളെ അട്ടപ്പാടിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. കൊലപാതകശേഷം പ്രതികൾ സിദ്ധിഖിന്റെ ഫോൺ തിരുവനന്തപുരത്ത് വലിച്ചെറിഞ്ഞുവെന്നാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ പരാമർശിച്ചിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ തെളിവെടുപ്പിന് വേണ്ടി തിരുവനന്തപുരം ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ എത്തിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കൊലപാതകത്തിൽ പ്രതികളുടെ ഗുഢാലോചന വ്യക്തമാണെന്നും, ഹണി ട്രാപാണ് പ്രതികൾ ലക്ഷ്യം വെച്ചിരുന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. നഗ്നചിത്രങ്ങൾ കൈക്കലാക്കി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് നിലവിൽ പോലീസിന്റെ വിലയിരുത്തൽ.
സിദ്ദീഖിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. ഇതാണ് ആഷിഖിനെ പിടികൂടാൻ പോലീസിന് സഹായകമായത്. ആഷിഖിൽ നിന്നാണ് മറ്റ് വിശദാംശങ്ങൾ പോലീസ് ശേഖരിച്ചത്. കൊലപാതകം നടന്ന എരഞ്ഞിപ്പാലം ജംഗ്ഷനിലെ ലോഡ്ജിലും, മൃതദേഹം കഷ്ണങ്ങളാക്കാൻ കട്ടിംഗ് മെഷീൻ വാങ്ങിയ പുഷ്പ ജംഗ്ഷനിലെ ഇലക്ട്രിക് ഷോപ്പിലും, ബാഗുകൾ വാങ്ങിയ മിഠായിത്തെരുവിലെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
















Comments