കൊല്ലം: ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടിത്തം. അപകടത്തിൽ ഫയലുകളും കമ്പ്യൂട്ടറുമടക്കം കത്തി നശിച്ചു. തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്തിലെ പരാതി സ്വീകരിക്കുന്ന കൗണ്ടറിലായിരുന്നു തീപിടിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം.
പഞ്ചായത്തിനുള്ളിൽ തീപടരുന്ന വിവരം പ്രദേശവാസിയാണ് പഞ്ചായത്ത് പ്രസിഡന്റിനേയും മറ്റുള്ളവരെയും അറിയിച്ചത്. ഉടൻ നാട്ടുകാരും പഞ്ചായത്ത് ജനപ്രതിനിധികളുമെത്തി തീയണച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയുടെ ഭാഗത്തേക്കും തീപടർന്നിരുന്നു. എന്നാൽ തീപിടിത്തത്തിൽ പ്രധാനപ്പെട്ട രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും മിക്കവാറും ഫയലുകളെല്ലാം കമ്പ്യൂട്ടറിലേക്ക് മാറ്റിയതിനാൽ അവ വീണ്ടെടുക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡി ശ്രീദേവി പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും. കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു.
















Comments