ആലപ്പുഴ: ആടിനെ മുറ്റത്ത് കൂടി കൊണ്ടുപോയി എന്നതിന്റെ പേരിൽ പ്രകോപിതനായി അയൽവാസിയുടെ തലയ്‌ക്ക് കമ്പിവടിയ്‌ക്കടിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും പിഴയും. ചെങ്ങന്നൂർ അഡിഷൻ സെഷൻസ് കോടതി ജഡ്ജി വിഎസ് വീണയാണ് ശിക്ഷ വിധിച്ചത്. താമരക്കുളം കണ്ണനാകുഴി സൂര്യലയം വീട്ടിൽ അഭിലാഷ് സുരേന്ദ്രനേയാണ് കോടതി എട്ട് വർഷം തടവിനും 15,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. വള്ളികുന്നം കൃഷ്ണാലയത്തിൽ രാധാകൃഷ്ണനെയാണ് ഇയാൾ പ്രകോപിതനായി ആക്രമിച്ചത്.
2018 ജൂലൈ 21-ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കമ്പിവടി ഉപയോഗിച്ചുള്ള അഭിലാഷിന്റെ അടിയിൽ രാധാകൃഷ്ണന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. പ്രസവിച്ച ആടിന് തീറ്റകൊടുത്തുകൊണ്ട് നിൽക്കുകയായിരുന്ന രാധാകൃഷ്ണന്റെ അരികിലേക്ക് കമ്പിവടിയുമായി എത്തിയ പ്രതി അസഭ്യം പറഞ്ഞു. പിന്നാലെ കമ്പിവടിയ്‌ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആടിനെ മുറ്റത്ത് കൂടി കൊണ്ടുപോയതിന് പിന്നാലെയായിരുന്നു ആക്രമണം.
പ്രതിയിൽ നിന്ന് ഈടാക്കിയ പിഴത്തുകയിൽ ഒരു ഭാഗം രാധാകൃഷ്ണന് നൽകാൻ കോടതി നിർദ്ദേശിച്ചു. കൂടാതെ ശിക്ഷാ കാലാവധി പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടിരിന്നു.
Comments