ഭുവനേശ്വർ: ഒഡീഷയിൽ 238-ഓളം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നലിൽ ഉണ്ടായ പിഴവെന്ന് പ്രാഥമിക നിഗമനം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതല അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉന്നത തല അന്വേഷണത്തിന് പുറമേ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു.
ഇത്രയധികം യാത്രക്കാരുടെ ജീവൻ പൊലിയുന്നതിന് കാരണമായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്തപൂർ-ഹൗറ എക്‌സ്പ്രസ് അപകടസ്ഥലത്തേക്ക് വേഗതിയിലെത്തിയതാണ്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ എക്‌സ്പ്രസിന്റെ 10-12 ബോഗികൾ പാളം തെറ്റി. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേയ്‌ക്ക് തെറിച്ചു വീഴുകയായിരുന്നു.
ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഇതുവരെയുള്ള മരണസംഖ്യ 238 ആയി. 900ലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിൽ 650-ഓളം യാത്രക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗോപാൽപൂർ, ഖന്തപര, ബാലസോർ, ഭദ്രക്, സോറോ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്.
Comments