എറണാകുളം: ബ്രഹ്‌മപുരത്ത് വീണ്ടും മാലിന്യ നിക്ഷേപത്തിനായി സർക്കാർ അനുമതി തേടി കൊച്ചി കോർപ്പറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് കോർപ്പറേഷന്റെ പുതിയ നീക്കം. ജൂൺ ഒന്ന് മുതൽ ബ്രഹ്‌മപുരത്തേക്ക് മാലിന്യം കൊണ്ടുപോകരുതെന്നായിരുന്നു സർക്കാർ നിർദ്ദേശം. ബദൽ സംവിധാനം അതത് തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
എന്നാൽ ആദ്യ ദിവസങ്ങളിൽ തന്നെ കൊച്ചി കോർപ്പറേഷന്റെ പദ്ധതികളിൽ പാളിച്ച പറ്റി. പ്രതിദിനം 100 ടൺ മാലിന്യം നീക്കം ചെയ്യുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കരാറെടുത്ത രണ്ട് സ്വകാര്യ ഏജൻസികൾക്കും പകുതി മാലിന്യങ്ങൾ പോലും നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല.
കരാർ എറ്റെടുത്ത മൂന്ന് കമ്പനികളിൽ രണ്ടെണ്ണം മാത്രമാണ് നിലവിൽ മാലിന്യം നീക്കം ചെയ്യാനുള്ളത്. ഇതിന് സമാന്തരമായി മറ്റൊരിടത്ത് വിൻട്രോ കമ്പോസ്റ്റിംഗിന് സ്ഥലം നോക്കിയെങ്കിലും ഫലമുണ്ടായില്ല. മഴക്കാലം ശക്തമാകുന്നതിന് മുൻപ് ബ്രഹ്‌മപുരത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് ക്വട്ടേൻ ക്ഷണിച്ചത്. തീപിടിത്തത്തിന് ശേഷമുള്ള ചാരം കടമ്പ്രയാറിലേക്ക് പോകാതിരിക്കുന്നതിനുള്ള ബണ്ട് കെട്ടുന്ന പ്രവർത്തനങ്ങളാണ് ഇനി നടത്തേണ്ടത്.
















Comments