കൊല്ലം: കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനമറിയിച്ച് സഹപ്രവർത്തകനും സിനിമ താരവുമായ ഉല്ലാസ് പന്തളം. ഞെട്ടിക്കുന്ന മരണ വാർത്ത അറിഞ്ഞുകൊണ്ടാണ് ഇന്ന് ഉണർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഈ മാസം ഒന്നാം തിയതി ഒരുമിച്ച് ഷൂട്ടിനുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണക്ക് ശേഷം തങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം സഹിക്കാൻ കഴിയുന്നില്ലെന്നും ഉല്ലാസ് പന്തളം പറഞ്ഞു.
ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം ബാക്കിവെച്ചാണ് കൊല്ലം സുധി പോയത്. കഴിഞ്ഞ മാസം 25-ന് ഉല്ലാസിന്റെ ജന്മദിനത്തിൽ ഒത്തുകൂടിയിരുന്നു. ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു. പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു എന്നും ഉല്ലാസ് പന്തളം ഓർമിച്ചു.
പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി ഇന്ന് രാവിലെയാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
















Comments