ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഏവരുടെയും കണ്ണ് നിറയ്‌ക്കുന്നത്. ഇന്നലെ സുധി പറഞ്ഞ ആഗ്രഹ പ്രകാരം എടുത്ത അവാസന സെൽഫിയാണ് ടിനി പങ്കുവച്ചിരിക്കുന്നത്.
“ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട് വണ്ടികളിൽ ആയിരുന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് … മോനെ ഇനി നീ ഇല്ലേ …… ആദരാഞ്ജലികൾ മുത്തേ, ” എന്നാണ് ടിനി ടോം ഫോട്ടോയ്‌ക്ക് ഒപ്പം കുറിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആണ് കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂർ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ ആളാണ് കൊല്ലം സുധി. 2015-ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകൾ.
ടിവി ഷോകളിലൂടെ ആരാധകപ്രീതി നേടിയെടുത്ത താരമാണ് സുധി. സംസാരവും ആക്ഷനുകളുമാണ് സുധിയുടെ അവതരണശൈലി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരമായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവർക്കൊപ്പം സുധി പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇനി അത്തരം വേദികളിൽ സുധിയുടെ ഓർമ്മ മാത്രമായിരിക്കും ഉണ്ടാകുക. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം.
Comments