തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്.
കണിമംഗലം സ്വദേശിയിൽ നിന്നും വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകാനായാണ് ഇയാൾ കൈകൂലി വാങ്ങിയത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഓണർഷിപ്പ് മാറ്റുന്നതിന് 2000 രൂപ വേണമെന്ന് നാദിർഷ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചു. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 2000 രൂപ കൈ പറ്റുന്നതിനിടെയാണ് കണിമംഗലം സോണൽ ഓഫീസിൽ വെച്ച് നാദിർഷ പിടിയിലായത്. അറസ്റ്റിലായ റവന്യു ഇൻസ്പെക്ടർ നാദിർഷയെ തുടർ നടപടികൾക്കു ശേഷം വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കും.
സംസ്ഥാന സർക്കാർ ഓഫീസുകളിൽ നിന്നും വലിയ രീതിയിലുള്ള കൈക്കൂലിക്കേസുകളാണ് ഈയിടെയായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ അറസ്റ്റിലായത് ആഴ്ചകൾക്ക് മുൻപാണ്. കോടികളുടെ സമ്പത്താണ് ഇയാൾ കൈക്കൂലി വഴി സമ്പാദിച്ചത്.
വിദേശത്തേക്കു പോകാനായി, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് (എൻ.ഐ.ഒ.) ലഭിക്കാൻ അപേക്ഷ നൽകിയ യുവാവിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ എഴുകോൺ സ്റ്റേഷനിലെ പോലീസുകാരൻ വിജിലൻസ് പിടിയിലായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്കുമാറാണ് 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
Comments