കണ്ണൂർ: കണ്ണൂരിൽ എസ്പി ഓഫീസിന് മുന്നിലിട്ട് ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി അൽത്താഫ്, കതിരൂർ സ്വദേശി ഷബീർ എന്നിവരാണ് അറസ്റ്റിലായത്. കവർച്ചാ ശ്രമം തടഞ്ഞതിനെത്തുടർന്നാണ് ലോറി ഡ്രൈവർ ജിന്റോയെ ഇരുവരും അക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കണ്ണൂർ സ്റ്റേഡിയം പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കിടന്നുറങ്ങുകയായിരുന്നു ജിന്റോ. ഇതിനിടെയാണ് ജിന്റോയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. കവർച്ച ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്റ്റേഡിയം പരിസരത്തെത്തിയ അൽത്താഫും ഷബീറും ജിന്റോ ഉറങ്ങുന്നത് കണ്ട് ലോറിയുടെ സമീപത്ത് എത്തി. തുടർന്ന് പണം തട്ടിയെടുക്കാൻ ഇരുവരും ശ്രമിക്കുന്നത് ജിന്റോ തടഞ്ഞതോടെയാണ് ഇയാളെ ആക്രമിച്ചത്. കാലിന് കുത്തേറ്റതോടെ ഇയാൾ പ്രാണരക്ഷാർത്ഥം കമ്മീഷണർ ഓഫീസ് ഭാഗത്തേക്ക് ഓടിയെങ്കിലും ടൗൺ പോലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലെ വെച്ച് കുഴഞ്ഞു വീണ ജിന്റോ രക്തം വാർന്ന് മരിക്കുകയായിരുന്നു.
ഇതു വഴി പോയ യാത്രക്കാർ വിളിച്ചറിയച്ചപ്പോഴാണ് പോലീസ് വിവരമറിയുന്നത്. തുടർന്ന് ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കാലിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ജില്ലാ പോലീസ് ആസ്ഥാനത്തിന്റെയും ക്രൈം ബ്രാഞ്ച് ഓഫീസിന്റെയും ടൗൺ പോലീസ് സ്റ്റേഷന്റെയും സമീപത്ത് വെച്ചാണ് സംഭവമെന്നതിനാൽ പോലീസ് മറുപടി പറയണമെന്ന് കണ്ണൂർ മേയർ ടി ഓ മോഹനൻ പറഞ്ഞിരുന്നു. സിസിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായത്. അൽത്താഫ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.
















Comments