ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിൽ വൻ വളർച്ച സ്വന്തമാക്കി ഖാദി വ്യവസായ മേഖല. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന് (കെവിഐസി ) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.34 ലക്ഷം കോടിയുടെ വിറ്റുവരവാണ് നടത്തിയത്. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഗ്രാമീണ മേഖലയിലെ ഖാദി ഉത്പാദനത്തിൽ 332 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023-14-ൽ കേവലം 31,154 കോടി മാത്രമായിരുന്നു ഖാദി മേഖലയിലെ വിറ്റുവരവ്. 2013-14 സാമ്പത്തിക വർഷം 26,109 കോടി രൂപയായിരുന്ന കെവിഐസി ഉത്പന്നങ്ങളുടെ ഉത്പാദനം 2022-23 സാമ്പത്തിക വർഷത്തിൽ 268 ശതമാനം വർദ്ധനയോടെ 95,957 കോടി രൂപയിലെത്തി. ഗ്രാമപ്രദേശങ്ങളിൽ 9,54,899 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞു. 2023-14 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഖാദി മേഖലയില് 70 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 2013-14 സാമ്പത്തിക വർഷത്തിന് ശേഷം ഖാദി കരകൗശല തൊഴിലാളികളുടെ വേതനം 150 ശതമാനത്തിലധികം വർദ്ധിപ്പിക്കുകയും ചെയ്തു കേന്ദ്ര സർക്കാർ.
മഹാത്മാഗാന്ധിയുടെ പ്രചോദനവും പ്രധാനമന്ത്രിയുടെ ദർശനാത്മകമായ മാർഗനിർദ്ദേശവും രാജ്യത്തെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധരുടെ പരിശ്രമവുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കെവിഐസി ചെയർമാൻ മനോജ് കുമാർ പറഞ്ഞു. രാജ്യത്തും വിദേശത്തും ഖാദി പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമഫലമായി ഖാദി ഇന്ന് ജനപ്രീതിയുടെ കൊടുമുടിയിലാണ്. സ്വദേശി ഉത്പന്നങ്ങൾ ഇന്ന് ലോകത്തിലെ ഏറ്റവും വിശ്വനീയമായ ബ്രാൻഡുകളിലൊന്നായി മാറിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ‘വോക്കൽ ഫോർ ലോക്കൽ’, സ്വദേശി ഉത്പന്നങ്ങൾ എന്നിവയിൽ രാജ്യം വിശ്വാസമർപ്പിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments