കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതി സന്ദീപ് പ്രകോപിതനായതിന് പിന്നിൽ മാനസിക പ്രശ്‌നമാണെന്നാണ് നിലവിലുള്ള വിലയിരുത്തൽ. കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും സന്ദീപ് ഇത്തരത്തിൽ മാനസിക പ്രശ്‌നം പ്രകടിപ്പിച്ചിരുന്നുവെന്ന നിർണ്ണായക മൊഴി ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു.
ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട് ഒരുമാസം പിന്നിടുമ്പോൾ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം അവസാന ലാപ്പിലാണ്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി.എന്നാൽ കേസിന്റെ തുടക്കത്തിൽ പോലീസിന്റെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവ് കേസിന്റ വാദത്തിനിടെ തിരിച്ചടിയാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
പ്രതി സന്ദീപിന്റെ ശരീരത്തിൽ മദ്യത്തിന്റെയോ മറ്റ് ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യം ചൂണ്ടിക്കാണിക്കുന്ന ഒന്നും മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. എന്നാൽ ലഹരിയുടെ ഉപയോഗം കാരണമാണ് സന്ദീപ് പ്രകോപിതനായി അക്രമവും കൊലപാതകവും കാട്ടിയതെന്നായിരുന്നു പോലീസിന്റെ നിഗമനം. രക്ത സാംപിൾ എടുക്കുന്നതിലുണ്ടായ കാലതാമസമാണ് മെഡിക്കൽ റിപ്പോർട്ടിലെ ഈ വൈരുദ്ധ്യത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
10-ന് പുലർച്ചെ മൂന്നരയോടെ സന്ദീപിനെ വൈദ്യ പരിശോധനയ്‌ക്ക് പൂയപ്പള്ളി പോലീസ് കൊണ്ടു പോയെങ്കിലും ഡ്രഗ് സ്‌ക്രീൻ ടെസ്റ്റ് എന്ന രക്തപരിശോധന നടന്നത് രാത്രി 10 മണിയോടെ മാത്രമായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം സന്ദീപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എത്തിയപ്പോഴാണ് യൂറിന്റെ സാംപിൾ ശേഖരിക്കുന്നത്. വൈകി ശേഖരിച്ച സാംപിൾ കൃത്യമാകാനിടയില്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴുള്ളത്. ഈ വ്യത്യാസം വാദത്തിനിടെ പ്രതിഭാഗം ഉയർത്തിയേക്കാം.
Comments